ലൈംഗിക ക്രൂരത കുരങ്ങിനോടും; ആറ് വർഷം പീഡിപ്പിച്ച കുരങ്ങിനെ പോലിസ് മോചിപ്പിച്ചു

ജക്കാർത്ത: മനുഷ്യന്റെ ലൈംഗിക ക്രൂരതയുടെ അമ്പരപ്പിക്കുന്ന കഥ പോണി എന്ന കുരങ്ങിനും പറയാനുണ്ട്. മനുഷ്യ കുരങ്ങായ ഉറാങ്ങുട്ടാനെ ആറ് വർഷത്തോളമാണ്  ഇന്തൊനേഷ്യയിലെ ഒരു സംഘം ലൈംഗികമായി പീഡിപ്പിച്ചത്.ശരീരത്തിലെ രോമങ്ങൾ വടിച്ച്, ആഭരണങ്ങൾ ധരിപ്പിച്ച്, സുഗന്ധ ദ്രവ്യങ്ങൾ പൂശി പോണിയെ ഒരു ലൈംഗിക അടിമ ആക്കുകയായിരുന്നു.രോമങ്ങൾ വടിച്ചു കളഞ്ഞതോടെ  ശരീരത്തിൽ വൃണങ്ങളുണ്ടാകാൻ തുടങ്ങി. എന്നാൽ പരിചരണം നൽകാതെ കൊടിയ പീഡനങ്ങൾക്കാണ് ചങ്ങലയിൽ ബന്ധിച്ച കുരങ്ങിനെ സംഘം ഇരയാക്കിയത്.

കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ കുരങ്ങിൽ നിന്നും പോണിയെ തട്ടിയെടുത്ത ഇവർ ആറ് വയസു മുതൽ ലൈംഗിക അടിമയാക്കുകയായിരുന്നു.ഈ ദുരവസ്ഥ കണ്ടറിഞ്ഞ് പോണിയെ അതി സാഹസികമായി അധികൃതർ മോചിപ്പിക്കുകയായിരുന്നു. 35 പോലീസ് ഉദ്യോഗസ്ഥർ എകെ-47 അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് മോചിപ്പിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടത്. സംഘത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം പൊലീസിന് നേരിടേണ്ടി വന്നു.

മനുഷ്യനെ ഭയത്തോടെ മാത്രം നോക്കിയിരുന്ന പോണി ഇന്ന് സന്തോഷവതിയാണ്.  ഏഴ് ഉറാങ്ങുട്ടൻമാർക്കാപ്പം അവൾ സന്തോഷത്തോടെ കഴിയുന്നു. ഇപ്പോൾ പതിയെ മനുഷ്യന്റെ സ്‌നേഹം അവൾ തിരിച്ചറിയുന്നു. ഇപ്പോഴും അവളുടെ പ്രതിരോധശേഷി വളരെ കുറവാണെന്നും അതിനാൽ പ്രത്യേക പരിചരണം ആവശ്യമാണെന്നും പോണിയെ കാട്ടിൽ വിടാൻ കഴിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.