കുവൈറ്റില്‍ വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താൻ നിര്‍ദേശം

കുവൈറ്റ്: കുവൈറ്റില്‍ വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും ചര്‍ച്ചയാകുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമന്റെിലെ ഹ്യൂമന്‍ റിസോഴ്സസ് കമ്മിറ്റിയാണ് നിര്‍ദേശം വീണ്ടും അവതരിപ്പിക്കുന്നത്. നടപ്പു പാര്‍ലമന്റെ് സമ്മേളനത്തില്‍ നികുതി നിര്‍ദേശം ചര്‍ച്ചയാകുമെന്നാണ് സൂചന. ഒന്നിലേറെ തവണ പാര്‍ലമന്റെ് തള്ളിയ നികുതി നിര്‍ദേശമാണിത്. ഇതുമായി മുന്നോട്ടുപോകാനാണ് ഹ്യൂമന്‍ റിസോഴ്സ് കമ്മിറ്റിയുടെ നിലപാട്.

റെമിറ്റന്‍സ് ടാക്‌സ്, വിദേശികളുടെ എണ്ണം കുറക്കല്‍, ശമ്പള പരിഷ്‌കരണം എന്നിവയാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. ജനസംഖ്യ സന്തുലനം സാധ്യമാക്കുന്നതിന്, തൊഴിലാളികളെ അയക്കുന്ന വിദേശ രാജ്യങ്ങള്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും സമിതി അധ്യക്ഷനായ ഖലീല്‍ അല്‍ സ്വാലിഹ് എം.പി പറഞ്ഞു. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം മുതല്‍ അഞ്ചുശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇതാദ്യമായല്ല ചര്‍ച്ചയാകുന്നത്.