പ്രതിപക്ഷ ബഹളത്തിനൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും സ്പീക്കര്‍ റദ്ദാക്കി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍.  നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണെന്നും സമരഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമികള്‍ നാമം ജപിച്ചാല്‍ അക്രമികള്‍ അല്ലാതാകുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കും.

ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചത് പുതിയ കാര്യമല്ല. ശബരിമലയില്‍ ഹൈക്കോടതി ഇടപെടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇങ്ങനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.