പിറവം സഭക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പിറവം: പിറവം സഭക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.  സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന്  ഹൈക്കോടതി  വിമർശിച്ചു. സര്‍ക്കാരിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സർക്കാർ പിറവത്ത് ഇരുന്നൂറ് പേര്‍ക്ക് സംരക്ഷണം നല്‍കാത്തതെന്തെന്നും കോടതി ചോദിച്ചു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നുവെന്നും നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും നടപ്പാക്കി കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.