പ്രവാസികൾക്ക്‌ ആശ്വാസം; ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം

അബുദാബി: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം നൽകിയതായി യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ  അറയിച്ചു.  രണ്ടാമത് ഇന്ത്യാ- യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നണമെന്നും വികസനത്തിൽ പരസ്പരം പങ്കാളികളാകുന്നതാണ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി സൂചിപ്പിച്ചു.

ലോവർ സക്കം എണ്ണപ്പാടത്തിൽനിന്ന് വർഷത്തിൽ 15 ലക്ഷം ടൺ ബാരൽ എണ്ണ 40 വർഷത്തേക്ക് ഇന്ത്യയ്ക്ക് നൽകാൻ ധാരണയായിട്ടുണ്ടെന്നും ഇതിന്റെ റിക്രൂട്മെൻറ് നടപടികൾ സുതാര്യമാക്കാൻ യുഎഇയുമായി ചേർന്ന് ഇന്ത്യ സ്കിൽ മാപ്പിങ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുകയാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുത്ത് പരിശീലനം നൽകി യുഎഇയിലെത്തിക്കും.