ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ് സി പോരാട്ടം

ചെന്നൈ: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും. എട്ട് കളിയില്‍ ഒറ്റ ജയത്തോടെ നാല് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ എഫ് സി ഒന്‍പതാം സ്ഥാനത്താണ്. ഇന്നത്തെ കളി തോറ്റാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിക്കും. എട്ട് കളിയില്‍ ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നിലയും ഭേതമല്ല. ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനും അവസാന നാലിലേക്ക് എത്താൻ ജയം അനിവാര്യമാണ്.

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പ്പോള്‍ ഒരു ജയവും മൂന്ന് തോല്‍വിയും നാല് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്‌. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല. തുടർച്ചയായ നാല് സമനിലകൾ പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റതോടെ അങ്കലാപ്പിലായി. കരുത്തരായ ചെന്നൈയിന്‍ എഫ്സിക്കെതിരെയാണ് മഞ്ഞപ്പടയുടെ ഇന്നത്തെ മത്സരം. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.