മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടികൊന്നു

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് പ്രതികളായ ആരിഫ്, അങ്കുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച സുഹാസും പ്രതിയായ ആരിഫും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇത് അറിഞ്ഞതോടെ സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ആരിഫ്, കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി സുഹാസിനെ മയക്കുകയായിരുന്നു.

തുടര്‍ന്ന് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാട്ടിലേക്ക് കാറിലെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെൺകുട്ടിയുടെ പിതാവിനേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് വെട്ടിക്കൊലപ്പെടുത്തിയ രീതിയിൽ സുഹാസിന്റെ മൃതദേഹം കണ്ടത്.