പ്രവാസികൾക്ക് നിരാശ: ലെവിയിൽ ഇളവു നൽകില്ലെന്ന് സൗദി

റിയാദ്: സൗദി ഭരണകൂടം പുതിയതായി ആവിഷ്കരിച്ച ലെവി പ്രവാസികൾക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ട്. വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കും ലെവിയിൽ ഇളവു നൽകുമെന്ന തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് മന്ത്രിസഭ ആണെന്നുമാണ് പുതിയ റിപ്പോർട്ട്. സൗദിയിൽ വിദേശികളുടെ ആശ്രിതർക്ക് നടപ്പാക്കിയ ലെവിയിലും 2018 ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവിയിലും മൂന്നാം ഘട്ട മൂല്യവർധിത നികുതിയിലും ആശ്വാസജനകമായ മാറ്റങ്ങൾ ഉടനുണ്ടാകുമെന്ന് തൊഴിൽ സാമൂഹിക മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആശ്രിത ലെവിയുടെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ചാര്‍ജ് മാത്രം നിലനിര്‍ത്താനോ അല്ലെങ്കില്‍ വര്‍ഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടയ്ക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള  തീരുമാനം നിലവിൽ വരുമെന്ന് കരുതിയ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ്  നേരിടേണ്ടി വരുന്നതെന്നാണ് റിപ്പോർട്ട്. ലെവിയിലെ ചെറിയ മാറ്റം പോലും ഗുണകരമാകും എന്നതിനാല്‍ പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍.