പ്രളയക്കെടുതി: കേരളത്തിന് 2500 കോടിയുടെ കേന്ദ്ര സഹായം

ഡൽഹി: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കാൻ 2500 കോടിയുടെ അധിക സഹായവുമായി കേന്ദ്രസർക്കാർ. നേരത്തെ നൽകിയ 600 കോടി രൂപയ്ക്ക് പുറമെയാണ് ഇത്. ഇതോടെ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നസഹായം 3100 കോടി രൂപയാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും  ഔദ്യോഗിക പ്രഖ്യാപനം .

പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങൾ എത്തിയതിനും കേന്ദ്രം പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ടത് 25 കോടിരൂപയാണ്. വിമാനത്തിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയായിരുന്നു.