സൗദിയിൽ വീട്ടുജോലിക്കാരുടെ പരാതികള്‍ 21 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം

റിയാദ്: സൗദിയിൽ ഇനി മുതല്‍ വീട്ടു ജോലിക്കാരുടെ പരാതികളും പ്രശ്നങ്ങളും, സംഭവം നടന്ന് 21 ദിവസങ്ങള്‍ക്കുള്ളിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. അതിന് ശേഷം നൽകുന്ന പരാതികള്‍ക്ക് നിയമസാധുത ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. തർക്കം  കോടതിക്ക് പുറത്ത് പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഇനിമുതല്‍ കേസ് തുടരുകയെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രാലയത്തിന്റെ സഹായത്തോടെ എതിര്‍ കക്ഷിയുമായി പരിഹാരം ഉണ്ടാകാത്ത പക്ഷം കേസ് കോടതിയിലേക്ക് മാറ്റും. ഇതിന് ശേഷവും പ്രശ്ന പരിഹാരത്തിന് അ‍ഞ്ച് ദിവസത്തെ  സമയം അനുവദിക്കും. ഈ സമയത്തിനുള്ളിൽ കേസ് തീര്‍പ്പാകാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ പത്ത് ദിവസത്തിന് ശേഷം കേസില്‍ അന്തിമ വിധിയുണ്ടാകും. തൊഴില്‍ കേസുകള്‍  പരിഹരിക്കുന്നതിന് മാത്രമായി സൗദി പുതിയ കോടതികള്‍ തുടങ്ങിയിട്ടുണ്ട്.  ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കേസുകള്‍ക്കും ഈ നിയമം ബാധകമാണ്.