യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും

അബുദാബി: അനധികൃത താമസക്കാർക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും.ആദ്യഘട്ടത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് നവംബർ 30 വരെ ദീർഘിപ്പിക്കുകയായിരുന്നു.ആകെ നാലു മാസത്തെ സമയം അനുവദിച്ച പൊതുമാപ്പിന്റെ കാലാവധി ഇനി നീട്ടി നൽകില്ലെന്ന് അധികൃതർ  വ്യക്തമാക്കി.നിയമലംഘകരായി യു.എ.ഇയിൽ കഴിയുന്നവർക്ക് രാജ്യം വിട്ടു പോകാനുള്ള അവസാനത്തെ അവസരമാണിതെന്നും ‌രാജ്യം വിടുകയോ താമസം നിയമ വിധേയമാക്കുകയോ ചെയ്യാത്തവർക്ക് കടുത്ത ശിക്ഷ ഉണ്ടാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് അതോറിറ്റി അറിയിച്ചു.

നിയമവിരുദ്ധമായി യു.എ.ഇയിൽ താമസിക്കുന്നവർക്ക് പുറമെ പ്രവേശന വിലക്കോടെ രാജ്യം വിട്ടവർക്കും നിയമാനുസൃതമായി തിരിച്ചു വരവിന് സൗകര്യമൊരുക്കിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.ഇതുവരെ ഇന്ത്യക്കാരുൾപ്പെടെ ആയിരങ്ങൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ‌‌2013 ലാണ് അവസാനമായി യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്.