കുവൈറ്റ് മഴക്കെടുതി: നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ ഡിസംബർ ആറുവരെ സമർപ്പിക്കാം

കുവൈറ്റ്: രാജ്യത്ത് മഴക്കെടുതികളിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ ഡിസംബർ ആറു വരെ സമർപ്പിക്കാമെന്ന് കുവൈറ്റ് സാമൂഹികക്ഷേമ-തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഏജൻസികളുടെ സഹകരണത്തോടെ നന്നാക്കിക്കൊടുക്കാൻ ദുരിതാശ്വാസ സമിതി തീരുമാനിച്ചിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതിന്റെ മൂന്നാം ദിവസം 1400 പേരാണ് ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിയത്. അതിൽ നിന്ന് സൂക്ഷ്മ പരിശോധനയിൽ അർഹരായ 350 പേരുടെ  അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചത്. സ്വദേശികളെ പോലെ മഴക്കെടുതികൾക്കിരയായ വിദേശികളിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും തുടരുകയാണ്. അതേസമയം, വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കമ്പനികൾ, കൃഷിയിടങ്ങൾ, കുതിരാലയങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.