യുഎസിനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ നടത്തിയത് 90 കൊലപാതകങ്ങള്‍

ന്യൂയോര്‍ക്ക്: സാമുവല്‍ ലിറ്റില്‍ എന്ന സീരിയല്‍ കില്ലര്‍ നടത്തിയത് ഒന്നു രണ്ടും കൊലപാതകങ്ങളല്ല. 90 കൊലപാതകങ്ങള്‍ നടത്തിയ ഇയാള്‍ പൊലീസുകാര്‍ക്കിടയില്‍ പോലും ആശങ്ക പരത്തിയിരിക്കുകയാണ്. ഒരിക്കല്‍ ബോക്‌സറായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഈ സീരിയല്‍ കില്ലര്‍ ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്നിന് അടിമകളായിരുന്നവരെയും കുടുംബ ബന്ധങ്ങളില്‍ വിളളല്‍ ഉണ്ടായിരുന്ന സ്ത്രീകളെയുമാണ് ഉന്നം വച്ചിരുന്നത്.

1956-ൽ സ്‌കൂൾവിദ്യാർഥിയായിരിക്കെ കട കുത്തിത്തുറക്കൽ, കൊള്ള, മയക്കുമരുന്ന് വിൽപ്പന, അതിക്രമിച്ചുകയറൽ തുടങ്ങിയ കേസുകളിലാണ് സാമുവൽ ആദ്യം അറസ്റ്റിലാകുന്നത്.  തുടർന്ന്‌ നല്ലപാഠം പഠിപ്പിക്കാൻ അധികൃതർ ദുർഗുണപരിഹാര പാഠശാലയിലേക്ക് വിട്ടു. എന്നാൽ, പുറത്തിറങ്ങി തെരുവിൽത്തന്നെ കഴിഞ്ഞ് ആരാലും നിയന്ത്രിക്കപ്പെടാതെ നടന്ന സാമുവൽ പിന്നീട് കൊടുംകുറ്റവാളിയായി മാറുകയായിരുന്നു.

കൊലപ്പെടുത്തിയതില്‍ ഭൂരിഭാഗവും ലൈംഗികത്തൊഴിലാളികളായ സ്ത്രീകളായിരുന്നു. താന്‍ പലയിടങ്ങളിലായി 90 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകങ്ങളില്‍ പല സ്ത്രീകളുടെ മരണമോ തിരോധാനമോ പൊലീസ് സ്ഥിരീകരിച്ചിട്ടു പോലുമില്ലെന്നുളളത് പൊലീസിനെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്തിട്ടുണ്ട്.

യുഎസിലെ മിസിസിപ്പി, സിന്‍സിനാറ്റി, ഫീനിക്‌സ്, ലാസ് വേഗാസ്, നെവാഡാ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊലപാതകം നടത്തിയിട്ടുണ്ട്. 78 കാരനായ സാമുവേല്‍ 56 കൊല്ലത്തിനിടയ്ക്കാണ് 90 കൊലപാതകങ്ങള്‍ നടത്തിയത്. ചുരുക്കം ചില കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും വെറും പത്തുകൊല്ലം മാത്രമായിരുന്നു സാമുവേല്‍ ജയിലില്‍ കഴിഞ്ഞിരുന്നത്.