മുള്ളൻപന്നിയെ പിടിക്കാൻ കയറിയ യുവാവ് ഗുഹയ്ക്കുള്ളിൽ കുടുങ്ങി; മരിച്ചെന്ന് സംശയം

കാസർഗോഡ്: മുള്ളൻ പന്നിയെ പിടിക്കാൻ കയറിയ യുവാവ് ഗുഹയിൽ കുടുങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്തതിനാൽ യുവാവ് ഗുഹയ്ക്കുള്ളിൽ മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ധർമ്മത്തടുക്ക ബാളിക സ്വദേശി രമേശാണ് (35) ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് രമേശ് ഗുഹയ്ക്കുള്ളിൽ കയറിയത്.

ഗുഹയ്ക്കുള്ളിൽ കടന്ന രമേശിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന ഇയാളെ രക്ഷിക്കാൻ നാല് പേർ കൂടി ഗുഹയിലേക്ക് കയറി. എന്നാൽ ഉള്ളിലേക്ക് കയറവേ ശ്വാസ തടസ്സമുണ്ടായതിനെ തുടർന്ന് ഒരാൾ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്‌സുമെത്തി മറ്റു മൂന്ന് പേരെയും പുറത്തെടുത്തു. രമേശിനെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടക്കാൻ സാധിക്കുന്ന് ഗുഹയിലേക്കാണ് നാല് പേർ കയറാൻ ശ്രമിച്ചത്. ഗുഹയിലകപ്പെട്ട രമേശിന്റെ തലയുൾപ്പെടെ ഗുഹക്കുള്ളിലെ മണ്ണിൽ പുതഞ്ഞു കിടക്കുന്നതിനാൽ മരണം സംഭവിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ഫയർഫോഴ്‌സും പൊലീസും. കാലിന്റെ ചെറിയൊരു ഭാഗം പുറത്തേക്ക് കാണാമെങ്കിലും യുവാവിനെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

ഗുഹയ്ക്കുള്ളിൽ അമ്പത് മീറ്റർ അകലെയാണ് രമേശിന്റെ ശരീരം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. എങ്കിലും അകത്തേക്ക് കയറി രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതോടെ ഗുഹ പൊളിച്ചോ തുരങ്കം നിർമ്മിച്ചോ യുവാവിനെ പുറത്തെത്തിക്കാനുള്ള സാധ്യത തേടുകയാണ് പോലീസും ഫയർഫോഴ്‌സും.