ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേട്ടം; 39ൽ 22 സീറ്റും എൽ.ഡി.എഫിന്; യു.ഡി.എഫിന് 11

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം. 39 സീറ്റുകളിൽ നടന്ന മത്സരത്തിൽ 22 സീറ്റുകളാണ് ഇടത് മുന്നണി നേടിയത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 12 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിയും എസ്.ഡി.പി.ഐയും രണ്ട് സീറ്റുൾ വീതം നേടി. ശബരിമല വിഷയം ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് കരുതിയിരുന്നെങ്കിലും പലയിടത്തും അട്ടിമറി വിജയത്തോടെ ഇടത് മുന്നണി നേട്ടം കൊയ്യുകയായിരുന്നു.ശബരിമലയും സമരങ്ങളുമൊന്നും ബി.ജെ.പിയുടെ തുണയ്‌ക്കെത്തിയില്ല.

തൃശ്ശൂർ ജില്ലയിൽ അഞ്ച് ഇടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ അഞ്ചിടങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയം. തൃശ്ശൂരിൽ നാല് സീറ്റുകൾ നിലനിർത്തിർത്തുകയും ബി.ജെ.പിയുടെ ഒരു സിറ്റിംഗ് സീറ്റ് ഇടത് മുന്നണി പിടിച്ചെടുക്കുകയും ചെയ്തു.

എറണാകുളത്ത് മത്സരിച്ച മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളുൾപ്പെടെ പിടിച്ചെടുത്താണ് എൽ.ഡി.എഫ് മേൽക്കൈ നേടിയത്. വടക്കേക്കര, തൃപ്പൂണിത്തുറ നഗരസഭ, കോട്ടുവള്ളി പഞ്ചായത്തുകളിലെ വാർഡുകളാണ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തത്. എളങ്കുന്നപ്പുഴ പഞ്ചായത്ത്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വടക്കേക്കര, കോട്ടുവള്ളി വാർഡുകളും എൽഡിഎഫ് നിലനിർത്തി.

തൃപ്പൂണിത്തുറ നഗരസഭ മാരാംകുളങ്ങര എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ജോഷിയും പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി രജിത ശങ്കറും പറവൂർ വടക്കേക്കര എൽഡിഎഫ് സ്ഥാനാർഥി പി.എ.ജോസും വിജയിച്ചു. പറവൂർ കോട്ടുവള്ളി എൽഡിഎഫ് സ്ഥാനാർഥി ആശ സെന്തിലും വൈപ്പിൻ എളങ്കുന്നപ്പുഴ എൽഡിഎഫ് സ്ഥാനാർഥി വി.കെ. സമ്പത്തും വിജയിച്ചു.

അതേസമയം പത്തനംതിട്ട ഡിവിഷനുകളിൽ പത്തനംതിട്ട നഗരസഭയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അൻസർ മുഹമ്മദ് 251 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 192 വോട്ടുകൾ നേടി യു.ഡി.എഫ് സ്ഥാനാർത്ഥി തൊട്ട് പിന്നിലെത്തിയപ്പോൾ 163 വോട്ടുകളോടെ എസ്.ഡി.പി.എെ സ്ഥാനാർഥി സിറാജ് സലീം മൂന്നാം സ്ഥാനത്തെത്തി.ശബരിമലയിലെ സമരങ്ങളും പ്രതിഷേധങ്ങളും തുണയ്ക്കുമെന്ന് കരുതിയ ബി.ജെ.പിക്ക് പത്തനംതിട്ട നഗരസഭയിൽ ഏഴ് വോട്ടുകൾ മാത്രമാണ് കരസ്ഥമാക്കിയത്. പന്തളം നഗരസഭയിലെ പത്താം വാർഡിൽ 276 വോട്ടുകൾ നേടിഎസ്.ഡി.പി.എെ സ്ഥാനാർത്ഥി ഹസീന വിജയിച്ചപ്പോൾ യുഡിഎഫിന് 267 വോട്ടുകളാണ് നേടാനായത്. എൽഡിഎഫിലെ റോസിന ബീഗം 247 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെയും ബി.ജെ.പിക്ക്  12 വോട്ടുകൾ മാത്രമാണ് കിട്ടിയത്.

വയനാട്ടിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ കരുവള്ളിക്കുന്ന് വാർഡിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ നഗരസഭയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി.ഇവിടെ എൽഡിഎഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ നാലെണ്ണം നഷ്ടമായി. യുഡിഎഫിന് എട്ട് സീറ്റ് നഷ്ടമായപ്പോൾ രണ്ട് സീറ്റ് പിടിച്ചെടുത്തു. ബിജെപി ഒരു സീറ്റിലും വിജയിച്ചു.