മുള്ളൻപന്നിയെ പിടിക്കാൻ കയറി ഗുഹയിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

കാസർഗോഡ്: മുള്ളൻപന്നിയെ പിടിക്കാൻ കയറവേ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചു. ധർമത്തടുക്ക ബാളിഗെ സ്വദേശിയായ നാരായൺ നായിക്‌ എന്ന രമേശ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ പോലീസും അഗ്നിശമന സേനയും  രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും  ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്.

ഗുഹയ്ക്കുള്ളിൽ മണ്ണിടിച്ചിലും ശ്വാസ തടസ്സമുണ്ടായതുമാണ് രമേശ് മരിക്കാൻ കാരണമായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് രമേശ് ഗുഹയ്ക്കുള്ളിൽ കയറിയത്. ഗുഹയ്ക്കുള്ളിൽ കടന്ന രമേശിനെ കാണാതായതോടെ ഇയാളെ രക്ഷിക്കാൻ നാല് പേർ കൂടി ഗുഹയിലേക്ക് കയറി. എന്നാൽ ഉള്ളിലേക്ക് കയറവേ ശ്വാസ തടസ്സമുണ്ടായതിനെ തുടർന്ന് ഒരാൾ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സുമെത്തി മറ്റു മൂന്ന് പേരെയും രക്ഷപ്പെടുത്തി. രമേശ് ഗുഹക്കുള്ളിൽ മരിച്ചിരിക്കാമെന്ന നിഗമനത്തിൽ രാവിലെ തന്നെ പോലീസ് എത്തിയിരുന്നു. എന്നാൽ ഉച്ചയോടെയാണ്  മരണം സ്ഥിതീകരിച്ചത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കയറാൻ കഴിയുന്ന ഗുഹയിലായിരുന്നു രമേശ് കയറിയത്. മണ്ണിൽ പുതഞ്ഞ നിലയിലാണ് രമേശിൻറെ മൃതദേഹം കണ്ടെത്തിയത്.