നിത്യ മേനോൻ ചിത്രം ‘പ്രാണ’യുടെ മോഷൻ ടീസർ പുറത്തിറങ്ങി

നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കി വി കെ പ്രകാശ്  സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാണ’യുടെ മോഷൻ ടീസർ പുറത്തിറങ്ങി. നാല് ഭാഷകളിൽ ഒരുമിച്ച് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിൽ നിർമിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും. പ്രേക്ഷകർക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്.

ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സൗണ്ട് ഫോർമാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്.രാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ തേജി മണലേല്‍.