ദേശീയ ദിനം ആഘോഷമാക്കാൻ യുഎഇ

അബുദാബി: നാൽപ്പത്തി ഏഴാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ യുഎഇ. രാജ്യമെമ്പാടും വിപുലമായ രീതിയിൽ ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്നു. രാജ്യത്തിനായി ജീവൻ ബലി കഴിച്ച രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടാണ് യുഎഇയിൽ ദേശീയ ദിനാഘോഷത്തിന് തുടക്കമാകുന്നത്. തലസ്ഥാനമായ അബുദാബിയിലും, ദുബായിലും ഷാർജയിലുമാണ് പ്രധാന ആഘോഷപരിപാടികൾ നടക്കുന്നത്. പതിവ് രീതികളിൽ നിന്ന് വ്യത്യസ്ഥമായാണ് യുഎഇ ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്.

വ്യക്തികൾക്ക് അതീതമായി രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തത്. മികച്ച പദ്ധതികൾ സമർപ്പിക്കുന്ന സംഘത്തെ ദേശീയ ദിനത്തിൽ യുഎഇ ആദരിക്കും. യുഎഇയുടെ രൂപീകരണവും വളർച്ചയും പറയുന്ന വിവിധ പരിപാടികൾ അരങ്ങേറും. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ മലയാളികളും വിവിധയിടങ്ങളിൽ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.