മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് എച്ച്.ഡബ്ല്യു ബുഷ് സീനിയർ അന്തരിച്ചു. 94 വയസ്സായിരുന്നു.പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.ഒരു തവണ മാത്രമാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റായിരുന്നത്.ഗൾഫ് യുദ്ധ സമയത്തും ജര്‍മ്മന്‍ ഏകീകരണത്തിലും ഇദ്ദേഹത്തിൻ്റെ നിലപാട് നിര്‍ണായകമായിരുന്നു.

അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഇറാഖ് യുദ്ധ കാലത്താണ് ബുഷ് ആഗോള ശ്രദ്ധ നേടിയത്. യുദ്ധത്തില്‍ സദ്ദാം ഹുസൈനെ പരാജയപ്പെടുത്തി കുവൈത്തിനെ മോചിപ്പിക്കുകയും എന്നാല്‍ വീണ്ടും സദ്ദാം ഹുസൈനെ ഭരണത്തില്‍ തുടരാന്‍ അനുവദിച്ചതിലും ഏറെ വിമർശനം ഏറ്റു വാങ്ങേണ്ടി വന്നു.യു.എസ് കോണ്‍ഗ്രസ് അംഗം, സി.ഐ.എ ഡയറക്ടര്‍, വൈസ്  പ്രസിഡന്റ് എന്നീ നിലകളിലും ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകനാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്.