ബിജു മേനോന്റെ നായികയായി സംവൃതയുടെ രണ്ടാം വരവ്

ഒരിടവേളക്ക് ശേഷം നടി സംവൃതാ സുനിൽ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ബിജുമേനോനെ നായകനാക്കി ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായിട്ടാണ് സംവൃതയുടെ രണ്ടാം വരവ്. വിവാഹ ശേഷം അഭിനയ ജീവിതത്തിന് ഇടവേള കൊടുത്ത സംവൃത അടുത്തിടെ ഒരു ചാനൽ റിയാലിറ്റി ഷോയിൽ വിധി കർത്താവായെത്തിയിരുന്നു.

2004 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി വേഷമിട്ടത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. അനു സിതാര, അജു വർഗീസ്, അലെൻസിയർ ലേ ലോപസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദേശീയ അവാർഡ് ജേതാവ് സജീവ് പാഴൂരിന്റെതാണ് തിരക്കഥ.