ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് മന്ത്രി കടകംപള്ളി

സന്നിധാനം: ശബരിമലയിലെ തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭക്തർക്കാവശ്യമുള്ള എല്ലാ സൗകര്യങ്ങളും സർക്കാരും ദേവസ്വം ബോർഡും ചെയ്തു കൊടുക്കുന്നുണ്ട്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്നും തനിക്കൊപ്പം ശബരിമല സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെത്തുന്ന ഭക്തരെ താൻ സന്ദർശിച്ചിരുന്നുവെന്നും നിലവിലെ സൗകര്യങ്ങളിൽ തൃപ്തരാണെന്ന് അവർ അറിയിച്ചതായും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുമായി സംസാരിച്ചിരുന്നു. ഈ തീർഥാടന കാലത്ത് ഒരു ആളുപോലും ശബരിമലയിലെ സൗകര്യങ്ങളെ പറ്റി പരാതി ഉന്നയിച്ചിട്ടില്ലെന്നും ശബരിമലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയത്തിൽ കേരളത്തിന് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. അതിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്നും പമ്പയുള്‍പ്പെടെയുള്ള ശബരിമലയിലെ സമീപ പ്രദേശങ്ങള്‍  പ്രതിസന്ധിയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ശബരമല വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാൽ  വിഷയത്തിൽ നിന്നും ഓടി ഒളിക്കുന്ന സമീപനമാണ് പ്രതിപക്ഷം ഇപ്പോൾ സ്വീകരിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.