മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എസ്.എൻ.ഡി.പി പങ്കെടുക്കും

സന്നിധാനം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ  പറഞ്ഞു.വിളിച്ചത് പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ്, അതുകൊണ്ട് യോഗത്തിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

യോഗക്ഷേമ സഭാ നേതാക്കളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 190 സംഘടനകളുടെ പ്രതിനിധികളെയാണ് ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചത്. അതേസമയം എൻ.എസ്.എസ് പങ്കെടുക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ യോഗം വിളിച്ചിരിക്കുന്നത്. വിധി വന്നപ്പോൾ തന്നെ ആചാരങ്ങൾ സംരക്ഷിക്കണം എന്ന നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്.നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളുടെ യോഗമാണ് വിളിച്ചതെന്ന് സര്‍ക്കാരും വ്യക്തമാക്കി.