സൗദിയിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരെ കർശന നടപടി

റിയാദ്: പുകവലിക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് സൗദി ആരോഗ്യ മന്ത്രാലയം.  ഇനിമുതൽ പൊതു സ്ഥലങ്ങളിൽ പുകവലിച്ച് പിടിക്കപ്പെട്ടാൽ 20,000 റിയാൽ പിഴ നൽകേണ്ടി വരും.സൗദിയിൽ പുകയില കൃഷി ചെയ്യുന്നതും നിർമിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.കൂടാതെ സിഗരറ്റ്, ചുരുട്ട്, പാൻ, ഹുക്ക, ഇ-സിഗരറ്റ്, വെറ്റിലമുറുക്ക് തുടങ്ങി ചേരുവയിൽ പുകയില അടങ്ങിയ മുഴുവൻ ഉൽപന്നങ്ങളും പിഴ ലഭിക്കുന്ന ശിക്ഷയുടെ പരിധിയിൽ വരുമന്നും ആരോഗ്യ വകുപ്പിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു.

അതുപോലെ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥലങ്ങളിൽ പുകയില ഉപയോഗത്തിനെതിരായ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് അടങ്ങിയ പോസ്റ്റർ പതിക്കണമെന്നും നിയമത്തിൽ പറയുന്നു. മാധ്യമങ്ങളിൽ നിന്ന് പുകയിലയെ കുറിച്ചുള്ള പരസ്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് കർശന നിർദേശവുമുണ്ട്. നിയമ ലംഘനം ആവർത്തിക്കുന്നവർക്കെതിരെ ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ പുകവലി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നുെം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.