ബിജെപിയുടെ വഴി തടയൽ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: കെ സുരേന്ദ്രന് എതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത വഴി തടയൽ സമരം ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടേതടക്കം വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ വാഹനം തടയും എന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പൊതുപരിപാടിയ്ക്ക്  എത്തുന്ന മറ്റ് മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ തുടങ്ങിയവരേയും വഴിയിൽ തടയും.

കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസിൽ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് സമരം. ശബരിമല വിഷയത്തിൽ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് സമരം ശക്തമാക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകുകയായിരുന്നു. ഇതോടെ സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.