വഴി തടയുമെന്ന് ബി.ജെ.പി; മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു

ആലപ്പുഴ: കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മന്ത്രിമാർക്കെതിരെ ബി.ജെ.പി വഴിതടയൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ വർധിപ്പിച്ചു.അതേതുടർന്ന് പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടാനും കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനമായി.ആവശ്യത്തിനനുസരിച്ച് അംഗബലം കൂട്ടാൻ അതത് പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്നു മുതൽ ബിജെപിയുടെ വഴി തടയൽ സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ വാഹനങ്ങൾ തടയാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇന്നു ചെങ്ങന്നൂരിൽ നടക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയെ ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയുമെന്നും സമരക്കാർ പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെയും ബിജെപി പ്രവർത്തകർ തടയും. അതേതുടർന്ന്  മന്ത്രിമാരുടെ സുരക്ഷ കണക്കിലെടുത്ത് 250 പൊലീസ് ഉദ്യോഗസ്ഥരെയാണ് ചെങ്ങന്നൂരില്‍ വിന്യസിച്ചിട്ടുള്ളത്.

പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യമന്ത്രി ചെങ്ങന്നൂരിലെ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളേജിലെത്തുന്നത്.