‘വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം’; ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സമരത്തിനെതിരെ സർക്കാർ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് ചെന്നിത്തല പറഞ്ഞു.

വനിതാ മതിൽ സി.പി.എം നടത്തുന്നതിൽ എതിർപ്പില്ല.എന്നാൽ അത് സർക്കാർ ചെലവിൽ വേണ്ടെന്നും വേണമെങ്കിൽ സി.പി.എം വനിതാ സംഘടനകള്‍
നടത്തിക്കോട്ടെയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച് ചേർത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിൽ എത്ര സംഘടനകൾ പങ്കെടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വനിതാ മതിലിനെ പ്രതിരോധിക്കാൻ തെരുവിലെ സമരം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നവോത്ഥാന പ്രസ്ഥാനങ്ങളുമായി ഇന്നലെ യോഗം ചേർന്നിരുന്നു. ദളിത് സംഘടനകളുൾപ്പെടെ 190 ലധികം സാമുദായിക-നവോത്ഥാന പ്രസ്ഥാനങ്ങളെയാണ് യോഗത്തിന് വിളിച്ചിരുന്നത്. ചർച്ചയിൽ പങ്കെടുത്ത മുഴുവൻ സംഘടനകളും സർക്കാരിന് പിന്തുണ അറിയിച്ചതായും ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീ വിവേചനത്തിനെതിരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വനിതാ മതിൽ സംഘടിപ്പിക്കുന്നതിനായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ, ചെയർമാനാകുന്ന പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത് അതിന് പിന്നാലെയാണ് വനിതാ മതിലിനെ വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത് വന്നത്.