സീസണ്‍ തുടങ്ങി; പോകാം, പ്രകൃതിയുടെ തണുപ്പുമേറ്റ് ഏലഗിരി മലനിരകളിലേക്ക് …

മിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന ഒരു പര്‍വ്വത പ്രദേശമാണ് ഏലഗിരി മലനിരകള്‍. വാണിയമ്പാടി-തിരുപ്പത്തൂര്‍ ഹൈവേയിലൂടെ സഞ്ചരിച്ച് ഏലഗിരിയിലെത്താന്‍ സാധിക്കും. തമിഴ്‌നാട്ടിലെ പ്രധാന ഹില്‍സ്റ്റേഷനുകളില്‍ പ്രമുഖസ്ഥാനമാണ് ഏലഗിരി പര്‍വ്വത നിരകള്‍ക്ക് ഉള്ളത്. വാണിയമ്പാടി, ജോളാര്‍പേട്ടൈ എന്നീ പട്ടണങ്ങള്‍ക്ക് ഇടയിലാണ് മനോഹരമായ ഈ പര്‍വ്വത നിരകള്‍ സ്ഥിതിചെയ്യുന്നത്. ഊട്ടി, കൊടൈക്കനാല്‍ എന്നിവ പോലെ വര്‍ഷത്തില്‍ എല്ലാ ദിവസവും സുഖശീതളമായ കാലാവസ്ഥ ഉണ്ടാകില്ലെങ്കിലും സീസണില്‍ ഏലഗിരി മലനിരകള്‍ മഞ്ഞുകൊണ്ടുമൂടി കുളിര്‍മ്മ പകരുന്ന കാഴ്ച നമുക്ക് കാണാനാകും.

ടൂറിസം വകുപ്പ് ഏലഗിയിരിയില്‍ എല്ലാത്തരം വിനോദസഞ്ചാര മാര്‍ഗ്ഗങ്ങളും ഒരുക്കിയിട്ടുണ്ട്. പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയ്ക്ക് വലിയ സാദ്ധ്യതകളാണ് ഇവിടെയുള്ളത്. കാല്‍നട കുതുകികള്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ടുന്ന സ്ഥലംകൂടിയാണ് ഇവിടം. കടല്‍നിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് ഏലഗിരി മലനിരകള്‍. മലനിരകള്‍ക്ക് സമീപങ്ങളിലായി നിരവധി ക്ഷേത്രങ്ങള്‍ ചുറ്റപ്പെട്ടു കിടക്കുന്നു. മണ്‍സൂണ്‍ കാലത്ത് ഏലഗിരിയിലെ കാലാവസ്ഥ സുഖശീതളമാണ്. തണുപ്പുകാലത്ത് മഞ്ഞ്പാളികള്‍ പര്‍വ്വതമുകളിലൂടെ ഒഴുകിനടക്കുന്നു. ഏകദേശം 400 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവിടെ കാര്യമായി മനുഷ്യര്‍ വീടുകള്‍വച്ച് പാര്‍ക്കാന്‍ തുടങ്ങിയത്. മതവിഭാഗങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുക്കളാണ്. കൂടാതെ നിരവധി പള്ളികളും മസ്ജിദുകളും ഏലഗിരിയിലുണ്ട്.

പുംഗന്നൂര്‍ തടാകം

തമിഴ്‌നാട് ടൂറിസം ബോര്‍ഡ് സംഘടിപ്പിക്കുന്ന ഏലഗിരി സമ്മര്‍ ആഘോഷങ്ങള്‍ മെയ് മാസത്തിനൊടുവിലാണ് ആരംഭിക്കുന്നത്. പൂക്കളുടെ പ്രദര്‍ശനം, ബോട്ട് യാത്ര, വിവിധ സാംസ്‌കാരിക പരിപാടികള്‍, ശ്വാസപ്രദര്‍ശനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. 2008-ല്‍ തുടങ്ങിയ പ്രകൃതി പാര്‍ക്ക്, പുംഗന്നൂര്‍ തടാക പാര്‍ക്ക്, ജലഗംപാറൈ വെള്ളച്ചാട്ടം, സ്വാമിമല പര്‍വ്വതം, വിദൂരദര്‍ശന സ്റ്റേഷന്‍, ശ്രീസത്യ ആശ്രമം തുടങ്ങിയവയെല്ലാം വിനോദസഞ്ചരികള്‍ക്ക് ദൃശ്യചാരുതയും ശാന്തമായ മനസ്സും പ്രദാനം ചെയ്യും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഏലഗിരി സന്ദര്‍ശനത്തിനുള്ള മികച്ച കാലം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ താപനില 15 ഡിഗ്രിവരെ താഴാറുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവയാണ് ഏലഗിരിയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും സമീപത്തുള്ള എയര്‍പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍നിന്ന് ഏലഗിരിയിലേക്ക് എത്തിച്ചേരാന്‍ ബസ്സുകളും ഉണ്ട്. ജോളാര്‍പേട്ടയാണ് ഏലഗിരിക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍- 21 കിലോമീറ്റര്‍. ഇവിടേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് നിരവധി ട്രെയിന്‍ സര്‍വ്വീസുകളാണ് ഉള്ളത്.

സ്വാമി മലൈ

ബഡ്ജറ്റ് ഹോട്ടലുകള്‍ ഏലഗിരിയില്‍ ആവശ്യംപോലെ ഉള്ളതിനാല്‍ വിനോദസഞ്ചാരികളുടെ കീശ വെറുതെ കാലിയാകില്ല. ഒരു പ്ലെഷര്‍ ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ മാര്‍ഗ്ഗം സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുകയാണ്. കാറിലോ ടാക്‌സിയിലോ സഞ്ചരിച്ചാല്‍ കന്യാകുമാരി-ചെന്നൈ എക്‌സ്പ്രസ് ഹൈവേയിലൂടെ യാതൊരു തടസ്സവുമില്ലാതെ ഏലഗിരിയിലെത്താം. അവിടവിടെ ടോള്‍പിരിവു കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും മികച്ചരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള റോഡുകള്‍ മനസ്സിനും ശരീരത്തിനും സുഖം പകരുന്നതാണ്. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് കുടുംബസമേതം ദിവസങ്ങള്‍ ചെലവിടാന്‍ പറ്റിയ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രം തന്നെയാണ് ഏലഗിരി.