‘വേഗത’യില്‍ ത്രില്ലടിച്ചാല്‍ പിഴത്തുകയില്‍ പരിഭവിക്കേണ്ടി വരും; സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഖത്തര്‍

ദോഹ: വേഗത്തിന്റെ കാര്യത്തില്‍ ത്രില്ലടിക്കുന്നവര്‍ പിന്നീട് പരിഭവിക്കേണ്ടതായി വരുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഖത്തര്‍. രാജ്യത്ത് വാഹനത്തിന്റെ വേഗപരിധി ലംഘിച്ചാല്‍ 1,000 റിയാല്‍ ആയിരിക്കും പിഴ. ഗതാഗത ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ ഖജ്‌രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തിലോടിയ കാര്‍ ഉടമയ്ക്ക് പിഴയായി വന്നത് ഇത്രയും (ഏകദേശം 20,000 രൂപ) തുകയാണ്. വേഗം 200 കിലോമീറ്റര്‍ കടന്നാല്‍ പിഴത്തുക ഇതിലും കൂടുതലാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം ഓടിച്ചത് കുട്ടികളാണെങ്കില്‍ അവരുമായി രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതായും വരും. കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗതാഗത അപകടങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ഏറെ ഉത്തരവാദിത്തമുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.