ഷെഹല ഷെറിന്റെ വീട് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

സുല്‍ത്താന്‍ ബത്തേരി : ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുല്‍ഗാന്ധി എം.പി സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് രാഹുല്‍ ഷെഹലയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവം നടന്ന സര്‍വജന സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. എം.ഐ ഷാനവാസ് അനുസ്മരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് സംബന്ധിക്കും.

ഇന്ന് വൈകിട്ട് 6.30ന് അമ്പലമുകളില്‍ റിഫൈനറി ഗേറ്റിനു മുന്നില്‍ രാഹുല്‍ സംസാരിക്കും. ബി.പി.സി.എല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരപരമ്പരയുടെ ഭാഗമായാണ് രാഹുല്‍ഗാന്ധി എം.പി എത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. വൈകിട്ട് കണ്ണൂരില്‍നിന്ന് യാത്രാ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം സമരവേദിയില്‍ എത്തും.

പിറ്റേന്ന് രാവിലെ ആറുമണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡി.സി.സി ഓഫിസില്‍ ചേരുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. എം.പി, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരാണ് നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്.