ഉന്നാവില്‍ അക്രമികള്‍ തീകൊളുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി

ഉത്തര്‍പ്രദേശ്: ഉന്നാവില്‍ അക്രമികള്‍ തീകൊളുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി. പ്രതികളെ അനുകൂലിക്കുന്നവരാണ് ഭീഷണി മുഴക്കിയത്. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്നൗവില്‍ നിന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവം അന്വേഷിക്കാന്‍ യു പി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഉന്നാവില്‍ ഇന്നലെ പുലര്‍ച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികള്‍ അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാന്‍ പുലര്‍ച്ചെ തയാറാകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രതികള്‍ യുവതിയെ ആക്രമിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

അതിനിടെ ഉന്നാവ് കേസിലെ പ്രതികളുടെ സുരക്ഷ ഊര്‍ജിതമാക്കി. ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പോലീസ് വെടിവച്ച് കൊന്നതിന് പിന്നാലെയാണ് ഉന്നാവ് പ്രതികളുടെ സുരക്ഷ ശക്തമാക്കിയത്. ഉന്നാവ് പ്രതികള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അക്രമ സാധ്യത കണക്കിലെടുത്താണ് പ്രതികളുടെ കാവല്‍ ശക്തമാക്കിയത്.