ദര്‍ശന പുണ്യം തേടി ഭക്ത ലക്ഷങ്ങള്‍; ഏകാദശി നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രം

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ദര്‍ശന പുണ്യം തേടി ലക്ഷങ്ങള്‍ ക്ഷേത്ര നഗരിയില്‍. വൃശ്ചിക മാസത്തെ വെളുത്ത പക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്.കിഴക്കേ ഗോപുരം വഴിയാണ് ദര്‍ശനത്തിനുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ഏകാദശിയോടനുബന്ധിച്ച് വിപുലമായ പ്രസാദ വിതരണവും ഊട്ടു പുരയില്‍ ഒരുക്കിയിട്ടുണ്ട്. ഗോതമ്പ് ചോറ്, കാളന്‍, ഗോതമ്പ് പായസം, എന്നിവയാകും വിഭവങ്ങള്‍.

ക്ഷേത്രത്തില്‍ ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോടു കൂടിയുള്ള വിളക്കാഘോഷം. രാവിലെ കാഴ്ച ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പുണ്ട്. വൈകീട്ട് പാര്‍ത്ഥസാരതി ക്ഷേത്രത്തില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നെള്ളിപ്പും ഉണ്ടാവും.