ഹൈദരാബാദ് ഏറ്റുമുട്ടല്‍; തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നല്‍കി. കമ്മീഷണര്‍ മഹേഷ് എം ഭഗവതിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വസ്തുതാ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരുന്നു.

എസ്എസ്പിയുടെ നേതൃത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു അന്വേഷണം നടത്താനാണ് കമ്മീഷന്‍ അധ്യക്ഷനും മുന്‍ ചീഫ് ജസ്റ്റിസുമായ എച്ച് എല്‍ ദത്തുവിന്റെ ഉത്തരവ്. ഡിസംബര്‍ ആറിനാണ് പുലര്‍ച്ചെയാണ് ഹൈദരാബാദ് കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

ഇതിനിടെയാണ് പോലീസ് പ്രതികള്‍ക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസില്‍ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.