പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; വന്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും 293 അംഗങ്ങളുടെ പിന്തുണയോടെ ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഡി.എം.കെയും എന്‍.സി.പിയും എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ ശിവസേന ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. 90 മിനിറ്റ് നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസിന്റെ അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. അതേസമയം, ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.

ബില്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്നും ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നത്. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.