പൗരത്വ ഭേദഗതി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ബ്രിട്ടനും യു.എസും കാനഡയും

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ബ്രിട്ടനും യു.എസും കാനഡയും. നിയമത്തിനെതിരേ അസമിലും മേഘാലയയിലും പ്രതിഷേധം
കനക്കുകയാണ്. ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറമേക്ക് എത്തുന്നില്ല.

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങില്‍ ഇന്നലെ നടന്ന വന്‍ പ്രതിഷേധങ്ങളെ പോലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജുമായാണ് നേരിട്ടത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധികൃതരും മാധ്യമങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും സംഘര്‍ഷാവസ്ഥ കാരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര  കഴിയുന്നതും ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൗരത്വഭേദദതി ബില്ലിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് യു.എസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.