ഉന്നാവ് കേസ്; ബി.ജെ.പി. മുന്‍ എം.എല്‍.എക്ക് ശിക്ഷാവിധി വെള്ളിയാഴ്ച

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യു.പിയിലെ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറിന് ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷ സംബന്ധിച്ച വാദം കേട്ട തീസ് ഹസാരി കോടതി ശിക്ഷ വിധിക്കുന്നത് ഡിസംബര്‍ 20ലേക്ക് മാറ്റുകയായിരുന്നു.

2017 തെരഞ്ഞെടുപ്പില്‍ കുല്‍ദീപ് സെംഗാര്‍ നല്‍കിയ സത്യാവാങ്മൂലത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് സെംഗാര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ബലാത്സംഗത്തിനുപുറമെ, പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. സെംഗാറിനെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം പരമാവധിലഭിക്കാനിടയുള്ളത് ജീവപര്യന്തം തടവാണ്. കേസില്‍ സെംഗാറിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട ശശി സിങ്ങിനെ ജില്ലാ ജഡ്ജി ധര്‍മേശ് ശര്‍മ കുറ്റമുക്തനാക്കിയിരുന്നു.