നിര്‍ഭയ കേസ് പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്‍മാറി

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളില്‍ ഒരാളുടെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പിന്‍മാറി. കേസിലെ ഒരു പ്രതിയായ അക്ഷയ് സിങ് ആണ് വധശിക്ഷക്കെതിരായ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. എന്നാല്‍ തന്റെ കുടുംബാംഗമായ അഭിഭാഷകന്‍ ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്നു എന്ന കാരണത്താലാണ് പിന്‍മാറ്റമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ഇന്ന് ഹര്‍ജി പരിഗണിക്കാനിരുന്നത്. 2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി യാത്ര ചെയ്യുകയായിരുന്ന ബസ്സില്‍ വച്ച് മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടത്. പിന്നീട് ഇവരെ ക്രൂരമായി അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാഴ്ചക്ക് ശേഷം മരിക്കുകയും ചെയ്തു. ആറ് പേരായിരുന്നു കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്.