നിര്‍ഭയ കേസ്; പുനപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് ഒരുമണിക്ക്

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഉച്ചക്ക് ഒരുമണിക്ക്. പ്രതിഭാഗത്തിന്റെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നായിരുന്നു അഭിഭാഷകനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. കേസില്‍ നീതി പൂര്‍വമായ വിചാരണ നടന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം.

അന്വേഷണ സംഘത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എ പി സിംഗ് വാദിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ഈ കേസില്‍ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയില്‍ പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയതിനാല്‍ പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.