നഗരങ്ങളില്‍ റാലികളും മാര്‍ച്ചുകളും;രാജ്യം ഇന്ന് പ്രതിഷേധക്കടലാവും

ഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരധ്വനികളാല്‍ രാജ്യം ഇന്ന് മുഖരിതമാവും. രാജ്യത്തെ പത്തിലേറെ പ്രധാന നഗരങ്ങളിലാണ് ഇന്ന് പ്രതിഷേധ റാലികളും മാര്‍ച്ചുകളും നടക്കുന്നത്. ജാമിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും.
രാജ്യവ്യാപക പ്രതിഷേധത്തിന് ഇടത് പാര്‍ട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിക്ക് പുറമെ മുംബൈയിലും ബംഗളൂരുവിലും പ്രതിഷേധ റാലികള്‍ ഉണ്ടാകും. പൂനെ, ഹൈദരാബാദ്, നാഗാപൂര്‍, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഭോപാല്‍ എന്നിവയാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്ന
നഗരങ്ങളില്‍ ചിലത്.

ജാമിയ വിദ്യാര്‍ത്ഥികളുടെ കോഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ലാല്‍ ഖില മാര്‍ച്ച് രാവിലെ 11 മണിക്ക് ആരംഭിക്കും. ലാല്‍ ഖിലയില്‍ നിന്ന് ഫിറോസ്ഷാ കോട്ട്ലയിലെ ഷഹീദ് പാര്‍ക്കിലേക്കാണ് മാര്‍ച്ച്. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഏവരും രാജ്യവ്യാപക പ്രതിഷേധത്തിന്റ ഭാഗമാകണമെന്നാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനം.

ഇടത് സംഘടകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ച് 12 മണിക്ക് മണ്ഡി ഹൗസില്‍ നിന്ന് ആരംഭിച്ച് ഷഹീദ് പാര്‍ക്കില്‍ അവസാനിക്കും. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എല്‍, ആര്‍.എസ്.പി, ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് എന്നീ ഇടത് സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ഇതിന് പുറമെ ബീഹാര്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയില്‍ 4 മണിക്ക് ക്രാന്തി മൈതാനില്‍ സ്റ്റുഡന്‍സ് എഗെന്‍സ്റ് ഫാസിസത്തിന്റെ നേത്യത്വത്തില്‍ സ്‌കാവ്സ് ഫോര്‍ സോളിഡാരിറ്റി എന്ന പേരില്‍ പ്രതിഷേധ സംഗമം നടക്കും. അതേസമയം, ഡല്‍ഹിയില്‍ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു.

എന്നാല്‍ പോലീസിന്റെ നിഷേധത്തിനു പിന്നാലെ മാര്‍ച്ച് എന്തു തന്നെയായാലും നടക്കും എന്ന സന്ദേശം ‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന വിലാസത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിരോധനാജ്ഞ വകവെക്കാതെയാണ് പ്രതിഷേധം. രാവിലെ പതിനൊന്നു
മണിക്കാണ് ഇവിടെ പ്രതിരോധം ആരംഭിക്കുക. യു.പി പോലീസും പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇത്തരം നീക്കങ്ങളില്‍ നിന്ന് മക്കളെ തടയണമെന്ന് രക്ഷിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഭുവനേശ്വറില്‍ രാവിലെ പത്തിനാണ് പ്രതിഷേധം ആരംഭിക്കുക. മുംബൈയിലും ഹൈദരാബാദിലും നാലുമണിക്കും ചെന്നൈയില്‍ മൂന്നുമണിക്കും ഭോപാലില്‍ രണ്ടു മണിക്കുമാണ് പ്രതിഷേധം. അതിനിടെ ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് അതിക്രമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.