മോദിയെ വീഴ്ത്തിയ പടവിനു ‘വധശിക്ഷ’ ;അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചു മാറ്റാന്‍ നിര്‍ദേശം

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ പടവിനും വധശിക്ഷ. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൊളിച്ചു നിരത്താന്‍ തീരുമാനിച്ചത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് കാരണമായതെത്രെ. ഇതു ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം. കഴിഞ്ഞ ആഴ്ച നമാമി ഗംഗ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോഴാണ് മോദി ഈ പടവുകളില്‍ തട്ടിവീണത്.

വീഴ്ച മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയര വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. ഈ പടവിന്റെ നിര്‍മാണ പിഴവ് മൂലം നേരത്തെയും നിരവധിപേര്‍ വീണിരുന്നു.  എന്നാല്‍ പടവുകള്‍ക്കിടയില്‍ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും കുറച്ച് സ്ഥലം ലഭ്യമാക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് പടവുകളില്‍ ഒന്ന് വ്യത്യസ്തമായ ഉയരത്തില്‍ നിര്‍മിച്ചതെന്നാണ് നിര്‍മാണ കമ്പനിയുടെ വിശദീകരണം.

ആവശ്യമെങ്കില്‍ പടവുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തയാറാണെന്നും കമ്പനി വ്യക്തമാക്കി. അടല്‍ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് അടല്‍ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകള്‍, ശ്മശാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇത്. എല്ലാ പടവുകള്‍ക്കും ഒരേ ഉയരം വരുന്ന രീതിയില്‍ എത്രയും പെട്ടെന്ന് പടവുകള്‍ പൊളിച്ചുപണിയാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ബോബ്‌ഡെ
വ്യക്തമാക്കി.