ഷെയിന്‍ നിഗം വിഷയം; താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം തുടര്‍ ചര്‍ച്ച

കൊച്ചി: ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിലാണ് യോഗം. മുടങ്ങിപോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ നഷ്ടപരിഹാരം ഷെയിനില്‍ നിന്ന് ഈടാക്കുന്നതെങ്ങനെയെന്ന് യോഗം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ ഷെയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

അതെ സമയം തങ്ങളുടെ പഴയ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്ത് വ്യക്തമാക്കി. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയിനുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞു. ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ്ബ് ചെയ്യുമെന്ന് താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം തുടര്‍ന്ന് ഒരു ചര്‍ച്ചയാകാമെന്നും എം. രഞ്ജിത്ത് പറഞ്ഞു.