നോട്ട് നിരോധന സമയത്തെ വികാരപ്രകടനം ഇന്നും; മോദിക്കെതിരെ പിണറായി

തിരുവനന്തപുരം: പൗരത്വബില്ലില്‍ രാജ്യത്തെ മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അത്  പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ ചോദ്യങ്ങള്‍  ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധന കാലത്ത് 50 ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.

പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ റജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ മൂടിവയ്ക്കുന്നത് എന്തിനെന്നു വ്യക്തമാക്കണം. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ജനങ്ങള്‍ നെഞ്ചേറ്റുമ്പോള്‍ ആ വികാരത്തെ  കുറച്ചുകാണുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യരുത്- പിണറായി പറഞ്ഞു.