സംയുക്ത സമരത്തിനില്ല മുല്ലപ്പളളി; പിന്തുണച്ച് സുധീരനും മുരളീധരനും

കോഴിക്കോട്: പൗരത്വഭേദഗതിക്കെതിരായി സിപിഎമ്മുമായിച്ചേര്‍ന്ന് ഇനി സംയുക്ത സമരമില്ലെന്നാവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. അതില്‍ മാറ്റമുണ്ടെങ്കില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു.

മോദിയുടെ ശൈലി കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനുമായി സഹകരിക്കുന്നത് പ്രായോഗികമല്ലെന്ന് കെ മുരളീധരനും വിഎം സുധീരനും വ്യക്തമാക്കി പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തില്‍ കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുകയാണ്. സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിര്‍പ്പ് പരസ്യമാക്കി രംഗത്തുണ്ട്.

വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ നരേന്ദ്രമോദി രാജ്യത്ത് ആളെക്കൊല്ലുമ്പോള്‍, രാഷ്ട്രീയാടിസ്ഥാനത്തില്‍ പിണറായി കേരളത്തില്‍ ആളെക്കൊല്ലുകയാണെന്ന് വിഎം സുധീരന്‍ ആരോപിച്ചു. മോദിയുടെ ശൈലി പിന്തുടരുന്നവരോട് സഹകരണം പ്രായോഗികമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ സോണിയാഗാന്ധിയും സീതാറാം യെച്ചൂരിയും ഒന്നിച്ചുവെന്ന് കരുതി കേരളത്തില്‍ അത് സാധ്യമല്ലെന്നായിരുന്നു കെ മുരളീധന്റെ പ്രതികരണം.