ജനസംഖ്യാ കണക്കെടുപ്പുമായി മുന്നോട്ട് പോകും ; നീക്കിവച്ചത് 8500 കോടി രൂപ

ഡല്‍ഹി: പ്രതിസന്ധിയിലായ ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി മുന്നോട്ടുപോകാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ കണക്കെടുപ്പ് നടത്തും. ഇതിനായി 8500 കോടി രൂപ വിനിയോഗിക്കുമെന്നും മന്ത്രി സഭായോഗം
വ്യക്തമാക്കി. അസം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കണക്കെടുപ്പ് നടത്തും.

രാജ്യത്ത് ആറുമാസമായി താമസിച്ചുകൊണ്ടിരിക്കുന്നവരോ, അടുത്ത ആറ് മാസക്കാലും രാജ്യത്ത് തങ്ങുന്നവരെയോ എന്‍.പി.ആറി(ദേശീയ ജനസംഖ്യാ രജിസ്റ്റര്‍)ല്‍ ഉള്‍പ്പെടുത്തും. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ദേശീയ പൗരത്വപട്ടിക തയാറാക്കുന്നതിന്റെ ആദ്യപടിയെന്നോണമാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു.

എന്‍.ആര്‍.സി പൂര്‍ത്തിയായ അസമില്‍ കണക്കെടുപ്പ് നടക്കാത്തത് ഇതുകൊണ്ടാണെന്നുമുള്ള ആരോപണവുമായര്‍ന്നിരുന്നു. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പശ്ചിമ ബംഗാളും കേരളവും കണക്കെടുപ്പില്‍ നിന്നുംവിട്ടുനിന്നത്. 2010ലാണ് അവസാനമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്. രണ്ടാം യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു ഇത്. 2015ലാണ് ഇത് പുതുക്കിയത്.