ബി.ജെ.പിക്ക് ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടതില്ല; രാഹുല്‍ ഗാന്ധി

ഗുവാഹത്തി: ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കാന്‍ വേണ്ടി രാജ്യം മൊത്തം തെരുവിലാണ്. എന്നാല്‍ സര്‍ക്കാരിന് അത് കേള്‍ക്കാനാവുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘ബി.ജെ.പി പോകുന്നിടത്തെല്ലാം വെറുപ്പ് പ്രചരിപ്പിക്കുന്നു. അസമില്‍ യുവാക്കള്‍ പ്രതിഷേധത്തിലാണ്.

മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെ സംഭവിക്കുന്നു. എന്തിനാണ് അവരെ വെടിവയ്ക്കുകയും കൊല്ലുകയും ചെയ്യുന്നത്? ബി.ജെ.പിക്ക് ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്നില്ല’- അസമില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ വിചാരിക്കുന്നത് വടക്കു കിഴക്കിന്റെ ചരിത്രവും സംസ്‌കാരവും അടിച്ചമര്‍ത്താന്‍ അവര്‍ക്കാവുമെന്നാണ്.

പക്ഷെ, അവര്‍ക്ക് നിങ്ങളുടെ പള്‍സ് മനസിലായിട്ടില്ല. അസമിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും ആക്രമിക്കാന്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെ
യും ഞങ്ങള്‍ അനുവദിക്കില്ല. അസമിനെ നാഗ്പൂരില്‍ നിന്ന് ഭരിക്കാന്‍ അനുവദിക്കില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.