ശ്രീലങ്കന്‍ തമിഴരുടെ ക്യാംപില്‍ വാര്‍ത്ത തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, പട്ടികയില്‍ ഉള്‍പ്പെടാത്ത ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ഥി ക്യാംപില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് മാസിക ജൂനിയര്‍ വികടനിലെ രണ്ട്
മാധ്യമ പ്രവര്‍ത്തകരെയാണ് പൗരത്വ നിയമത്തെക്കുറിച്ചുള്ള അഭിപ്രായം തേടുന്നതിനു ക്യാംപില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത്.

വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍മാരുടെ പരാതിയില്‍ കളിയിക്കാവിള, മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. താലൂക്ക് ഓഫീസറുടെ അനുമതിയില്ലാതെയാണ് ഇരുവരും അതീവ സുരക്ഷയുള്ള ക്യാംപ് സന്ദര്‍ശിച്ചതെന്നു പരാതിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായി അഭയാര്‍ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നും
പരാതിയില്‍ പറയുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ ശ്രീലങ്കന്‍ തമിഴരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ അഭിപ്രായം തേടിയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ക്യാംപിലെത്തിയത്.