ആഘോഷത്തിമര്‍പ്പുമായി പുതുവര്‍ഷത്തെ വരവേറ്റ് കേരളവും

കൊച്ചി: ആഘോഷ പെരുമയില്‍ കേരളം പുതുവര്‍ഷത്തെ വരവേറ്റു. ജില്ലകളിലെല്ലാം വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വലിയ ചെറിയ സൂചികള്‍ 12ല്‍ മുത്തമിടുമ്പോഴേക്കും നൃത്തച്ചുവടുകളും ആര്‍പ്പുവിളികളും മാനം മുട്ടേ ഉയര്‍ന്നിരുന്നു. ആകാശത്ത് വര്‍ണപ്പൂത്തിരികള്‍ മിന്നിമറഞ്ഞു.

ആടിയും പാടിയും പുതുവത്സരാഘോഷം കൊച്ചിയില്‍ ആവേശം നിറച്ചു. സ്വദേശീയരും വിദേശീയരുമടക്കം ആയിരങ്ങളാണ് ആഘോഷത്തില്‍ അണിചേര്‍ന്നത്. കൃത്യം 12 മണിയോടെ പോയവര്‍ഷത്തിന്റെ പ്രതീകമായ ഭീമാകാരനായ പപ്പാഞ്ഞി ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ കത്തിയെരിഞ്ഞു. പുലരുവോളം ആഘോഷം തുടര്‍ന്നു.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വിദേശികളടക്കം നിരവധി പേര്‍ പരിപാടികളില്‍ പങ്കെടുത്തു. പരസ്പരം ആലിംഗനം ചെയ്ത് പ്രതീക്ഷയുടെ പുതുവര്‍ഷത്തെ അവര്‍ ഒരു മനസോടെ സ്വാഗതം ചെയ്തു. കോവളം ബീച്ചില്‍ ശിങ്കാരിമേളമടക്കം ഒരുക്കി. ബീച്ച് പരിസരം കുടുംബമായി പുതുവത്സരത്തെ സ്വീകരിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. കോവളം ഉദയ സമുദ്രാ ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ പ്രായഭേദമന്യേ വിദേശികളും സ്വദേശികളും പങ്കു ചേര്‍ന്നു. വര്‍ക്കല അടക്കമുള്ള ബീച്ചുകളില്‍ നടന്ന ആഘോഷ പരിപാടികളും ആവേശം വാനോളമുയര്‍ത്തി. ബീച്ചുകളില്‍ നിന്ന് 12.15 ഓടെ പോലീസ്‌ ജനങ്ങളെ ഒഴിപ്പിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഹോട്ടലുകളില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു.

മലപ്പുറം 2020നെ വരവേറ്റപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ജില്ലയൊട്ടാകെ പുതുവര്‍ഷത്തെ വരവേറ്റത്. രാത്രി ഒമ്പത് മണിക്ക് തന്നെ നഗരത്തില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചു. അഭിഭാഷക ദീപിക സിംഗ് രാജാവത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധ വേദിയില്‍ മുദ്രാവാക്യം വിളികളോടെ പങ്കുചേര്‍ന്നു. പന്തം കൊളുത്തി ദേശീയ ഗാനം ആലപിച്ചാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്. മലപ്പുറത്തെ ട്രോമാകെയര്‍ സംഘം റോഡപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. രാത്രി വണ്ടി ഓടിക്കുന്നവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ മലപ്പുറം എസ്പി അബ്ദുല്‍കരീം നേരിട്ടെത്തിയാണ് കട്ടന്‍ ചായ വിതരണം ചെയ്തത്.