നൗഷേരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിവയ്പ്പ്; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഖാരി ത്രയത്തിലെ വനമേഖലയിലൂടെ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാന്‍ തെരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നു വരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്‌ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. സൈനിക ഓപ്പറേഷന്‍ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ ആര്‍മി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കി.