പ്രതിപക്ഷം വിട്ടു നില്‍ക്കുമ്പോള്‍ കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്

തിരുവനന്തപുരം: ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്. രാഹുലിന് നന്ദി അറിയിച്ച മുഖ്യമന്ത്രി കത്ത് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുലിന്റെ കത്തില്‍ പറയുന്നു.

പല രാജ്യങ്ങളിലും രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ മലയാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇതിന്റെ ഭാഗമായി ആരും പങ്കെടുത്തിരുന്നില്ല.