വീണ്ടും യു.എസ് ആക്രമണം; ഇറാന്‍ പൗര സേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: വീണ്ടും യു.എസ് ആക്രമണം. ഇറാഖ് തലസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു.

ഇതിനുശേഷം 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. അതേ സമയം ഖാസിം സുലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല യുദ്ധം അവസാനിപ്പിക്കാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അയ്യായിരം അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ ഇറാഖിലുള്ളത്. ഇവിടെ മൂവായിരം പേരെ കൂടി വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് പൗരസേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകള്‍ പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തില്‍ നാല് അംഗങ്ങള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത
സൈനിക ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി.

ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തില്‍ വ്യോമാക്രമണം നടത്തിയത്. പുലര്‍ച്ചെ ഒന്നേകാലോടെ വടക്കന്‍ ബഗ്ദാദിലെ
ടാജി റോഡിലാണ് മിസൈല്‍ ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിന്റെ കാവലോടെയുള്ള യാത്രക്കിടെ ഉന്നതര്‍ സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ റോക്കറ്റ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.