മാര്‍ച്ചില്‍ പുതിയ മദ്യനയം; ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല എക്സൈസ് മന്ത്രി

കോഴിക്കോട്: വിദേശ മദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ശമ്പള ദിവസം കണക്കിലെടുത്താണു ഒന്നാം തീയതി ഡ്രൈ ഡേ ആക്കിയത്.

തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ ടി. ശിവദാസമേനോന്‍ എക്സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു പിണറായി സര്‍ക്കാര്‍ തിരുത്തുക. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ സമ്പ്രദായം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.